'എൻഐടി പ്രൊഫസർ' ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്ന് പോലീസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തുമ്പി എബ്രഹാം
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (15:33 IST)
ബന്ധുക്കളോടും നാട്ടുകാരോടും താൻ എൻഐടി പ്രൊഫസറാണെന്ന് 14 വര്‍ഷത്തോളം നുണ പറഞ്ഞ കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി പ്രീഡിഗ്രി പാസായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. പ്രീഡിഗ്രിയ്ക്ക് ചേര്‍ന്ന് പഠിച്ചെങ്കിലും പരീക്ഷ പാസായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ജോളിയുടെ സ്വന്തം നാടായ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങള്‍ പുറത്തു വന്നത്.
 
വിവാഹത്തിന് മുൻപുള്ള ജോളിയുടെ ജീവിതത്തെപ്പറ്റി അറിയാൻ നടത്തിയ പരിശോധനയിലാണ് ജോളി പ്രീഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന വിവരം വ്യക്തമായത്. റോയിയുമായുള്ള വിവാഹത്തിനു ശേഷം കൂടത്തായിയിലെത്തുമ്പോള്‍ താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു ജോളി എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ നെടുങ്കണ്ടത്തെ ഒരു പാരലൽ കോളേജിൽ പ്രീഡിഗ്രി കോഴ്സിന് ചേര്‍ന്ന ജോളി അവസാന വര്‍ഷ എഴുതിയിരുന്നില്ല. എന്നാൽ പാലായിലെ ഒരു പാരലൽ കോളേജിൽ ഇതിനു ശേഷം ജോളി ബികോമിന് ചേര്‍ന്നിരുന്നു. എന്നാൽ പ്രീഡിഗ്രി പാസാകാത്ത ജോളി എങ്ങനെയാണ് ബിരുദത്തിന് പ്രവേശനം നേടിയതെന്ന് വ്യക്തമല്ല. അതേസമയം, ബികോമും ജോളി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്.
 
പാരലൽ കോളേജിൽ ബികോം പഠിച്ച ജോളി പാലായിലെ ഒരു പ്രശസ്ത എയ്ഡഡ് കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു കൂടത്തായിയിലുള്ളവരോട് പറഞ്ഞിരുന്നത്. കൂടത്തായി കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ ഒരു വിഭാഗമാണ് പാലാ, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നാലു ദിവസത്തോളം നടത്തിയ പരിശോധനയിൽ വിവരങ്ങള്‍ കണ്ടെത്തിയത്. അതേസമയം, വിവാഹശേഷം എൻഐടി ലക്ചറര്‍ ചമയുന്നതിന് മുൻപ് ഏകദേശം ഒരു വര്‍ഷത്തോളം ജോളി വീട്ടിൽ നിന്ന് മാറി നിന്നിരുന്നു. ബിഎഡ് പഠനത്തിനെന്ന പേരിലായിരുന്നു ഇത്. എന്നാൽ ഇക്കാലത്ത് ജോളി എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
 
എൻഐടി ജോലിയ്ക്കെന്ന പേരിൽ ദിവസവും വീട്ടിൽ നിന്നിറങ്ങുന്ന ജോലി എങ്ങോട്ടാണ് പോയിരുന്നതെന്നും ദുരൂഹമാണ്. ജോലിയ്ക്കെന്ന പേരിൽ ഇറങ്ങുന്ന ജോളി വിവിധ ഹ്രസ്വകാല കോഴ്സുകള്‍ക്ക് ചേര്‍ന്നിരുന്നെന്ന് പോലീസിന് സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ജോളി പലതും ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എൻഐടിയ്ക്ക് സമീപം തയ്യൽജോലി ചെയ്യുന്ന യുവതിയിലേയ്ക്കും അന്വേഷണം നീളുന്നുണ്ട്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പൊന്നാമറ്റം വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ആറുമാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്സുകളുടെയും ബ്യൂട്ടീഷ്യൻ കോഴ്സുകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പോലീസിനു ലഭിച്ചിരുന്നെങ്കിലും ഇവ യഥാര്‍ത്ഥമാണോ എന്ന് വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article