വീഴ്‌ച പൊലീസിന്റേത് തന്നെ; ജിഷയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയത് നാലു ദിവസത്തിനു ശേഷം

Webdunia
തിങ്കള്‍, 9 മെയ് 2016 (09:22 IST)
ജിഷ വധക്കേസിൽ പൊലീസിന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന് വ്യക്തമായതിന് പിന്നാലെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജിഷയുടെ കൊലപാതകത്തില്‍ നിർണായകമായേക്കാവുന്ന തെളിവുകള്‍ പൊലീസ് ശേഖരിച്ചത് കൊലപാതകം നടന്നു നാലു ദിവസത്തിനുശേഷമാണ്. കൊലപാതകം നടന്നത് ഏപ്രിൽ 28നു വൈകിട്ടാണെങ്കിലും മേയ് രണ്ടിന് ഉച്ചയ്‌ക്കാണ് പൊലീസ് ജിഷയുടെ വീട്ടില്‍ പരിശേധനയ്‌ക്ക് എത്തിയതെന്നും പൊലീസ് തന്നെ വ്യക്തമാക്കുന്നു.

കൊലപാതകം നടന്ന ആദ്യത്തെ നാലു ദിവസങ്ങളിൽ തെളിവിനായി കാര്യമായ പരിശോധന പൊലീസ് നടത്തിയിരുന്നില്ല. മേയ് രണ്ടിന് സിഐ കെഎൻ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജിഷയുടെ വീടിനോട് ചേര്‍ന്നുള്ള കനാലിന്റെ സൈഡിലെ പുല്ലുകള്‍ക്കിടയില്‍ നിന്ന് പ്രതിയുടേത് എന്നു സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് ലഭിച്ചത്.

ശത്രുക്കളെ ഭയന്ന് ജിഷ സൂക്ഷിച്ച പെൻക്യാമറ പൊലീസിനു ലഭിച്ചത് രണ്ടിനാണ്. വീട്ടിലുണ്ടായിരുന്ന കട്ടിയുള്ള പുറംചട്ടയോടു കൂടിയ മൂന്നു ഡയറി, പുറംചട്ടയില്ലാത്ത ഒരു ഡയറി എന്നിവ ലഭിച്ചതും അഞ്ചാംദിവസമാണെന്നു മഹസർ വ്യക്തമാക്കുന്നു. കൊലപാതകം നടന്ന ദിവസം തന്നെ ആവശ്യമായ പരിശേധന നടത്താത്തതാണ് മതിയായ തെളിവുകള്‍ ലഭിക്കാതെ പോയതിന് കാരണമായത്. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി നിരവധി പേര്‍ വീട്ടില്‍ എത്തിയതും തെളിവുകള്‍ നശിക്കാന്‍ കാരണമായി.
Next Article