ഷര്‍ട്ട് ധരിക്കാന്‍ സമയം നല്‍കാതെയാണ് പൊലീസ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയത്. പലവട്ടം തന്റെ ഓണ്‍ലൈന്‍ ചാനലിലൂടെ അടിസ്ഥാനരഹിതമായ വാര്‍ത്തകളും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടുള്ള ആളാണ് ഷാജന്‍ സ്‌കറിയ. ബിജെപിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഷാജന്‍ സ്‌കറിയ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പല വ്യാജ വാര്‍ത്തകളും നേരത്തെ നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഹണി ട്രാപ്പിലൂടെ പണം തട്ടുന്നുവെന്ന് വാര്‍ത്ത നല്‍കി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.