ജിഷവധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് തൂക്കുകയർ വിധിച്ച കോടതി വിധിയോട് വൈകാരികമായി പ്രതികരിച്ച് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. മറ്റൊരു പെണ്‍കുട്ടിക്കും തന്റെ മകളുടെ ഗതി ഉണ്ടാവരുതെന്നും രാജേശ്വരി പറഞ്ഞു.
മകളുടെ ഘാതകന് തൂക്കുകയര്‍ വിധിച്ച കോടതിയും ജഡ്ജിയും തനിക്ക് ദൈവത്തെ പോലെയാണെന്ന് രാജേശ്വരി പറഞ്ഞു. ഇനി ഒരു അമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുത്, ജിഷയ്‌ക്കോ, സൗമ്യയ്‌ക്കോ, നടിയ്‌ക്കോ നേരിടേണ്ടി വന്നത് ഇനിയൊരാള്‍ക്കും അനുഭവിക്കാന്‍ ഇടവരരുത്. ഒരമ്മയ്ക്കും സ്വന്തം പെണ്‍കുഞ്ഞിനെ ഇങ്ങനെ പീഡിപ്പിക്കുന്നത് കാണാന്‍ ഇടവരരുതെന്നും രാജേശ്വരി പ്രതികരിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിനു വധശിക്ഷ വിധിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ ഇന്ന് വിധി വന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയത്തെളിവുകൾ അണിനിരത്താനും പ്രോസിക്യൂഷന് സാധിച്ചു.