ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിനു വധശിക്ഷ ലഭിക്കുമോ? കേസിൽ വിധി ഇന്നുണ്ടായേക്കും

ബുധന്‍, 13 ഡിസം‌ബര്‍ 2017 (08:32 IST)
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ അമീറുള്‍ ഇസ്‌ലാമിനെതിരായ വിധി ഇന്നുണ്ടായെക്കും. അമീറുൾ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പട്ടികജാതി പീഡനവകുപ്പ് നില നില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 
 
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാസങ്ങളായി രഹസ്യ വിസ്താരം തുടരുകയായിരുന്നു.
 
പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ഐപിസി 449, 376, 342, 301 എന്നീ വകുപ്പുകളാണ് കോടതി പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണകാരണമായ ബലാത്സംഗം, കൊലപാതകം, അന്യായമായി തടഞ്ഞ് വെക്കൽ, അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. മരണം വരെ തൂക്കിലേറ്റാൻ വരെ ശിക്ഷ നൽകാൻ കഴിയുന്ന വകുപ്പുകളാണ് അമീറിനെതിരേ ഉള്ളത്. 
 
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമാണു കേസിലെ ഏക പ്രതി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്തിമവാദം. പ്രതിക്കെതിരെ ശാസ്ത്രീയത്തെളിവുകൾ അണിനിരത്തിയാണ് പ്രോസിക്യൂഷൻ വാദിച്ചത്.
 
അതേസമയം, അമീറുള്‍ ഇസ്ലാം പൊലീസിന്റെ ഡമ്മി പ്രതിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. നിലവിലെ തെളിവുകൾ പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും പ്രതിഭാഗം വാദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍