പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട് 15 ദിവസമായെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് വലയുന്നു. ഇതിനിടെ, ആധാര്‍ പരിശോധനയ്ക്ക് അനുമതി ലഭിക്കാതായതോടെ പൊലീസിന്റെ മുന്നോട്ടുള്ള നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.
കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ ആധാര്‍ ഡാറ്റാ ബേസ് പരിശോധിക്കാനുള്ള പൊലീസ് നീക്കത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ചില സാങ്കേതിക തടസങ്ങള്‍ ഉള്ളതിനാല്‍ ഇത്തരമൊരു പരിശോധന അനുവദിക്കാനാകില്ലെന്ന് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബംഗളൂരുവിലെ യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) മേഖലാ ആസ്ഥാനം അധികൃതര്‍ അറിയിച്ചു.
അതേസമയം, പരിശോധനയ്ക്കായി സമീപവാസികളായ മുന്നൂറോളം ആളുകളുടെ വിരലടയാളങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍, പരിശോധനയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെ അന്വേഷണം വഴി മുട്ടിയ സാഹചര്യത്തിലാണ് പൊലീസ്.
ഘാതകന്‍ ഇതര സംസ്ഥാന തൊഴിലാളിയാവുകയും ആള്‍ മുങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ ആയിരുന്നു ഈ നീക്കം. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തെന്ന് പൊലീസ് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളി ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെയും ചില ഇതര സംസ്ഥാന തൊഴിലാളികളുടെയും വിരലടയാളങ്ങള്‍ ഒത്തുനോക്കുകയായിരുന്നു പൊലീസിന്റെ ലക്‌ഷ്യം.