കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ നൽകിയ ഹർജി തലശേരി സെഷൻസ് കോടതി തള്ളി. ചികിത്സക്കായി മെയ് 17,18 തീയതികളിൽ ജില്ലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജയരാജൻ കോടതിയിൽ ഹർജി നൽകിയത്.
മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ അഷ്‌റഫിനെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കാനും 18ന് സി പി ഐ എം നേതാവും ജയരാജന്റെ ബന്ധുവുമായ കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയായിരുന്നു ഹർജി സമര്‍പ്പിച്ചത്.
ആര്‍എസ്എസ് നേതാവ് കണ്ണൂര്‍ കതിരൂരിലെ മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയായ ജയരാജന് മാർച്ചിലാണ് ജാമ്യം അനിവദിച്ചത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വി വി അനില്‍ കുമാറായിരുന്നു ജാമ്യം അനുവദിച്ചത്. രണ്ട് മാസത്തേക്കോ അതല്ലെങ്കിൽ കേസിന്റെ അന്തിമ റിപ്പോർട്ട് നൽകുന്നത് വരേയോ ജില്ലയിൽ കാലുകുത്തരുതെന്നാണ് കോടതി കർശനമായി ഉത്തരവിട്ടത്.