വിജിലന്‍സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തന്റെ ഇ മെയിലും മൊബൈല്‍ ഫോണും പൊലീസ് ചോര്‍ത്തിയെന്ന ആരോപണവും ജേക്കബ് തോമസ് ഉന്നയിച്ചതോടെ പൊലീസില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി ഉണ്ടായേക്കാം.
നിയമസഭാ സമ്മേളനം കഴിയുന്നതുവരെ കാത്തിരുന്ന് വിഷയത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. വിജിലന്‍സ് ഡയറക്‍ടറായി പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ഡിജിപി രാജേഷ് ദിവാനെ നിയമിക്കുമെന്നും സൂചനയുണ്ട്.
ഐജിമാര്‍ക്ക് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി നല്‍കിയത് പിന്‍വലിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. ആഭ്യന്തരസുരക്ഷയുടെ ഭാഗമായി ഐജിമാര്‍ക്ക് ഫോണ്‍ ഇ മെയില്‍ രേഖകള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പഴുതുപയോഗിച്ച് ചിലര്‍ തന്റെ വകുപ്പിലെ സുപ്രധാന രേഖകള്‍ ചോര്‍ത്തുന്നുവെന്നാണ് ജേക്കബ് തോമസിന്റെ പരാതി.
എന്നാല്‍ ജേക്കബ് തോമസിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിജിലന്‍സിന്റെയും ആഭ്യന്തരവകുപ്പിന്റെയും സെക്രട്ടറിയായ നളിനി നെറ്റോ അറിയാതെ ആര്‍ക്കും ഫോണ്‍ ചോര്‍ത്താന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നളിനി നെറ്റോയ്‌ക്ക് പരാതി നല്‍കാതെ ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് ജേക്കബ് തോമസ് പരാതി നല്‍കിയതിലും സര്‍ക്കാരിലും ആഭ്യന്തരവകുപ്പിലും അമര്‍ഷമുണ്ട്.