തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇന്നു മെഗാ ബ്ലോക്ക്. അറ്റകുറ്റപ്പണിയ്യൂടെ ഭാഗമായിട്ടാണ് റെയിൽവേ മെഗാ ബ്ലോക്ക് ഏർപ്പെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നത്തെ ഏഴു ജോഡി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും.
90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളിൽ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനൽ റെയിൽവേ മാനേജർ അറിയിച്ചു. നിശ്ചയിച്ച സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നു കൂടുതൽ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ട്.
മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരിൽ നിശ്ചിത സമയത്തിനുള്ളിൽ പണി തീർക്കാൻ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകൾ വൈകിയോടിയത്. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തതിനാലാണു ട്രെയിനുകൾ നിർത്തി അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നത്. യാത്രക്കാർ ഈ ഘട്ടത്തിൽ റെയിൽവേയുമായി സഹകരിക്കണമെന്ന് അധിക്രതർ പറയുന്നു.