ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് തടയണമെന്നാണ് ഹര്‍ജിക്കാരനും നിര്‍മ്മാതാവുമായ സജിമോന്‍ പാറയിലും രണ്ടു താരങ്ങളും സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. പോലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷികളും ഇരകളും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.