ഇരുചക്രവാഹനങ്ങളിൽ പിന്‍ സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം: ഹൈക്കോടതി

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (11:45 IST)
ഇരുചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവ് ഹൈക്കോടതി സ്റ്റേ ചെയ്തു. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ സംശയമില്ലെന്നാണ് കോടതി പറയുന്നത്.

ഇരുചക്ര വാഹനങ്ങളില്‍ നിന്ന് തെറിച്ച് വീണ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഫോർട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. യുവാക്കളും സ്ത്രീകളും പിൻസീറ്റിൽ യാത്ര ചെയ്തു റോഡിൽ തെറിച്ചുവീണു ജീവൻ പൊലിയാൻ ഇടയാകുന്നത് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര മോട്ടോർ വാഹന നിയമം 129–മത് വകുപ്പനുസരിച്ച് പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സർക്കാർ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോർ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചാണു ഹർജി.

ഇരുചക്ര വാഹനയാത്രക്കാർക്കു ഹെൽമെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കാൻ 2003–ൽ ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പരാതിയുണ്ട്.