കത്തുവയയില്‍ എട്ട് വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കത്വ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
എന്നാല്‍, ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു വൈകിട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങള്‍ പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടടി കോടിയേരി നേരത്തേ രംഗത്തെത്തിയിരുന്നു.