‘എത്ര ഭീഷണി ഉണ്ടായാലും പിന്മാറില്ല, ഈ പോരാട്ടം അഞ്ച് വയസ്സുള്ള എന്റെ മകള്‍ക്കു വേണ്ടി കൂടി’ - ദീപിക പറയുന്നു

തിങ്കള്‍, 16 ഏപ്രില്‍ 2018 (10:48 IST)
ഭീഷണികള്‍ എത്ര ഉണ്ടായാലും കത്തുവയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി പോരാടുമെന്ന് അഭിഭാഷകയായ ദീപിക എസ് രാജവത്ത്. കത്തുവയയില്‍ എട്ട് വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകയാണ് ദീപിക. 
 
കത്വവ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്നത് തടയാന്‍ അഭിഭാഷകയ്‌ക്കെതിരെ ജമ്മു കശ്മീര്‍ ബാര്‍ കൗണ്‍സില്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍, താന്‍ പിന്നോട്ടില്ലെന്നും തന്റെ പോരാട്ടം അഞ്ചു വയസ്സുള്ള തന്റെ മകള്‍ക്കു വേണ്ടി കൂടിയാണെന്നും ദീപിക ഇന്ത്യ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
താന്‍ ഹിന്ദുവിരുദ്ധയാണെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവന്‍ തന്നെ അപകടത്തിലാണ്. ഒരു പക്ഷേ ഞാനും ബലാത്സംഗത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ദീപിക വ്യക്തമാക്കി.
 
തന്നെ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് ഒരു വിഭാഗം പേര്‍ പറഞ്ഞിരിക്കുന്നത്. കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കാന്‍ ഞാന്‍ ഉറച്ചു നില്‍ക്കും. അതിനാല്‍ തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക മാധ്യമങ്ങളോട് പറഞ്ഞു.
 
പ്രതികളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ദീപിക ചോദിച്ചു. തനിക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ച് കശ്മീര്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. ഇത് കരുത്ത് പകരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍