ഹനാനെതിരെ സൈബര്‍ ആക്രമണം; കൂടുതല്‍ പേര്‍ കുടുങ്ങും - വലവിരിച്ച് പൊലീസ്

Webdunia
വ്യാഴം, 26 ജൂലൈ 2018 (17:20 IST)
കോളേജ് പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിത പ്രതിസന്ധികള്‍ തരണം ചെയ്‌ത് മുന്നോട്ട് പോയ ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സൈബർ സുരക്ഷാ വിഭാഗം നീക്കമാരംഭിച്ചു.

വ്യക്തിപരമായും മതം പറഞ്ഞും ഹനാനെ അപമാനിക്കുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളില്‍ വര്‍ദ്ധിച്ച  സാഹചര്യത്തിലാണ് കേരളാ പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.

ഹനാനുമായി ബന്ധപ്പെട്ട പോസ്‌റ്റുകളും കമന്റുകളും കൂടുതലായി കാണപ്പെടുന്ന ഫേസ്‌ബുക്ക് പേജുകളും വാട്സ്ആപ്പ് കൂട്ടായ്‌മകളും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും നടപടികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്റെ കഥ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെ എതിര്‍പ്പും ശക്തമാകുകയായിരുന്നു. ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയായിരുന്നുവെന്നും പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്നുമാണ് ഒരു വിഭാഗം പേരുടെ വാദം.

അനുബന്ധ വാര്‍ത്തകള്‍

Next Article