ഗുരുവായൂരിൽ വൻ ഭക്തജന തിരക്ക് - കഴിഞ്ഞ ദിവസത്തെ വരുമാനം 64.59 ലക്ഷം രൂപ

എ കെ ജെ അയ്യര്‍
വെള്ളി, 29 മാര്‍ച്ച് 2024 (15:28 IST)
തൃശൂർ: തുടർച്ചയായുള്ള അവധിദിനങ്ങൾ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വൻ ഭക്തജന തിരക്കായിരുന്നു. അന്നേ ദിവസം ക്ഷേത്രത്തിലെ വഴിപാടിനത്തിലുള്ള വരുമാനം മാത്രം 64.59 ലക്ഷം രൂപയായി ഉയർന്നു.

പുലർച്ചെ തന്നെ ശക്തമായ ഭക്തജന പ്രവാഹമായിരുന്നു. ഉച്ചപൂജ കഴിഞ്ഞ തിരുനട അടച്ചപ്പോൾ സമയം 2.15 ആയി. തുടർന്ന് ഒന്നേകാൽ മണിക്കൂർ മാത്രം കഴിഞ്ഞു മൂന്നരയ്ക്ക് നട തുറന്നു ശ്രീവേലിയും ദർശനവും തുടങ്ങി. മധ്യവേനൽ അവധി പ്രമാണിച്ചു തിരുനട ഉച്ച കഴിഞ്ഞു തുറക്കുന്ന സമയം വൈകിട്ട് നാലര മണി എന്നുള്ള മൂന്നര മണിയാക്കിയിരുന്നു. ഇത് വരുന്ന മെയ് 31 വരെ തുടരും.

കഴിഞ്ഞ ദിവസം 42 വിവാഹങ്ങളും കുട്ടികൾക്കുള്ള 456 ചോറൂണ് ചടങ്ങുകളും നടന്നു. നെയ് വിളക്ക് വഴിപാടിൽ നിന്ന് മാത്രം ദേവസ്വത്തിന് 15.63 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ ചടങ്ങ് നടത്തുന്നവർക്ക് വരി നിൽക്കാതെ നേരിട്ട് ദർശനം ലഭിക്കും എന്നതാണ് സൗകര്യമായിട്ടുള്ളത്. 1563 പേരാണ് കഴിഞ്ഞ ദിവസം ആയിരം രൂപ ശീട്ടാക്കി നെയ്‌വിളക്ക് വഴിപാട് നടത്തിയത്.

തുലാഭാരം ഇനത്തിൽ 17.43 ലക്ഷം രൂപ വരുമാനം ഉണ്ടായപ്പോൾ പാൽപ്പായസത്തിനു ശീട്ടാക്കിയത് 6.57 ലക്ഷം  രൂപയുടേതാണ്. തിരക്ക് പ്രമാണിച്ചു ക്ഷേത്രത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വി.ഐ.പി ദര്ശനമോ ജീവനക്കാർക്ക് പ്രത്യേക ദര്ശനമോ അനുവദിക്കില്ല എന്നും ദേവസ്വം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം അവധിക്കാലത്ത് ഉദയാസ്തമന പൂജയും ഉണ്ടാകില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article