കാണിക്കവഞ്ചിയിലെ പണം അടിച്ചുമാറ്റിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

ബുധന്‍, 27 മാര്‍ച്ച് 2024 (18:07 IST)
കണ്ണൂർ: കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ അധികൃതർ സസ്‌പെൻഡ് ചെയ്തു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായ മോഹന ചന്ദ്രനെയാണ് സസ്‌പെൻഡ് ചെയ്തത്.

തൊഴിലാളി സംഘടനയായ സി.ഐ.ടി.യു വിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് സസ്പെൻഷനിലായ മോഹന ചന്ദ്രൻ. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ എണ്ണിയത് കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനായിരുന്നു. എന്നാൽ ഈ സമയം ഈ പണം എക്സിക്യൂട്ടീവ് ഓഫീസർ അപഹരിച്ചു എന്നാണു പരാതി ഉയർന്നത്.

തുടർന്ന് കാസർകോട് അസിസ്റ്റന്റ് കമ്മീഷണറുടെ ചുമതലയിൽ ദേവസ്വം ബോർഡ് അന്വേഷിച്ചു. പണം എണ്ണുന്നതിനിടെ മോഹനചന്ദ്രൻ പണം പാന്റ്സിന്റെ കീശയിൽ ഇട്ടു എന്നാണു കണ്ടെത്തൽ. ഇത് പാരമ്പര്യ ട്രസ്റ്റി, പണം എണ്ണുന്നതിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ എന്നിവർ ശരിച്ചു. എന്നാൽ ചെലവിനുള്ള പണമാണ് എടുത്തത് എന്നായിരുന്നു മോഹന ചന്ദ്രന്റെ മറുപടി.

മോഹന ചന്ദ്രൻ ദേവസ്വം ബോർഡ് സംഘടനയുടെ തളിപ്പറമ്പ് ഏറിയ സെക്രട്ടറി കൂടിയാണ്. എന്നാൽ സസ്‌പെൻഷനെ തുടർന്ന് മോഹനചന്ദ്രനെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതായി സംഘടന അറിയിച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍