നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

അഭിറാം മനോഹർ

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (17:40 IST)
നേപ്പാളില്‍ സര്‍ക്കാരിനെതിരായ യുവജന പ്രക്ഷോഭം കലാപമായി മാറിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെച്ചു. ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താനായി പ്രധാനമന്ത്രി ശര്‍മ്മ ഒലി സൈനിക സഹായം തേടിയിരുന്നു.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശര്‍മ ഒലി സ്ഥാനമൊഴിയണമെന്ന് സൈനിക മേധാവി നിര്‍ദേശിക്കുകയായിരുന്നു. ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജെന്‍ സി രംഗത്ത് വന്നത്. പലയിടത്തും സര്‍ക്കാര്‍ അഴിമതിക്കെതിരായ പ്രതിഷേധം പ്രക്ഷോഭമായി മാറിയിരുന്നു. പ്രതിഷേധക്കാര്‍ നേപ്പാള്‍ പാര്‍ലമെന്റിന് തീയിടുകയും പ്രധാനമന്ത്രി ശര്‍മ ഒലി രാജിവെയ്ക്കും വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് രാജി. 
 
നേരത്തെ പ്രതിഷേധക്കാര്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം തീവെച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹല്‍, ഷേര്‍ ബഹാദൂര്‍ ദുബെ, ഊര്‍ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകര്‍ ആക്രമിച്ച് നശിപ്പിച്ചിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് നേരെയും രാജ്യത്ത് പ്രധാന രാഷ്ട്രീയനേതാക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭക്കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍