കൊച്ചിയിൽ സിനിമ നിർമാതാവിന് നേരെ ഗുണ്ടകളുടെ ആക്രമണം. നിര്‍മ്മാതാവ് സുബൈറിന് നേരെയാണ് ഗുണ്ടകൾ ആക്രമണം നടത്തിയത്. സംഭവത്തിൽ സുബൈറിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കും പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന സിനിമയായ ആകാശ മിഠായിയുടെ നിര്‍മ്മാതാവാണ് സുബൈര്‍. ജയറാമാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് ആക്രമണം നടന്നത്. ആക്രമിസംഘത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും പരുക്കുണ്ട്.
ഹോട്ടലിലെ ബീയർ പാർലറിലിരുന്നു മദ്യപിക്കുകയായിരുന്ന യുവാക്കൾ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മർദിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഈ പ്രശ്‌നം തീര്‍ത്ത് മാറി നില്‍ക്കവേയാണ് ഇതൊന്നുമറിയാതെ ഹോട്ടലിലേക്കെത്തിയ നിര്‍മ്മാതാവ് സുബൈറിനു നേരെ ആക്രമണം നടന്നത്. സുബൈറിനെ ആക്രമിച്ച സംഘത്തിലെ അനീഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.