തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സിനിമാ സ്‌റ്റൈലില്‍ കടത്തിയത് 100കിലോ സ്വർണം; പ്രതിഫലം 60,000 രൂപ

Webdunia
ശനി, 13 ഏപ്രില്‍ 2019 (18:51 IST)
വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 100 കിലോഗ്രാമിലേറെ സ്വർണം കടത്തിയ സംഭവത്തില്‍ വിമാനത്താവള ജീവനക്കാരടക്കം അറസ്‌റ്റില്‍.

എയർഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ ഫൈസൽ, റോണി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ഭദ്ര‌യുടെ ജീവനക്കാരായ മെബീൻ ജോസഫ്, നബീൽ, ഇടനിലക്കാരൻ ഉവൈസ് എന്നിവരെയാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്‌റ്റ് ചെയ്‌ത് റിമാന്‍‌ഡ് ചെയ്‌തത്.  

കസ്‌റ്റംസ് അധികൃതരെ വെട്ടിച്ച് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തെത്തിച്ചിരുന്നത് ഇവരാണ്. ഒരു വിമാനത്തിൽ മൂന്നും നാലും പേർ സ്വർണം കടത്താനുണ്ടാവും. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയായിരുന്നു കൂലി.

പുലർച്ചെ ഗൾഫിൽ നിന്നെത്തുന്ന വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്‌ജിലെത്താറില്ല. ദൂരെയുള്ള ടാക്സിവേയിലായിരിക്കും എത്തുക. ഇവിടെ നിന്ന് യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിലാണ് ടെർമിനലിലേക്ക് എത്തിക്കുക. ഈ ബസിൽ വച്ചാണ് സ്വർണം വിമാനത്താവള ജീവനക്കാർക്ക് കൈമാറുക.

സ്വർണം കൊണ്ടു വരുന്നവരുടെയും ജീവനക്കാരുടെയും ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പരസ്‌പരം കൈമാറും.  ബസിൽ വച്ച് ജീവനക്കാർ സ്വർണം കൈപ്പറ്റും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കും. ജീവനക്കാരൻ പിന്നാലെയെത്തി സ്വർണം ശേഖരിക്കും.

ഡിപ്പാർച്ചർ ടെർമിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തിറങ്ങുന്ന ജീവനക്കാർ പുറത്ത് കാത്തുനിൽക്കുന്ന ഉവൈസിന് സ്വർണം കൈമാറുകയായിരുന്നു പതിവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article