സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം; ഗണേഷിന് കുരുക്ക് മുറുക്കി യുവാവ് - പിണറായി ഇനി ആര്‍ക്കൊപ്പം ?

Webdunia
വെള്ളി, 15 ജൂണ്‍ 2018 (16:38 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മർദ്ദനമേറ്റ അഞ്ചൽ സ്വദേശി അനന്തകൃഷ്ണനും അമ്മ ഷീനയുമാണ് പരാതി നൽകിയത്.

പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോൾ ഗണേഷിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് പൊലീസ് ചുമത്തിയത്. മാരകായുധം കൊണ്ടു ദേഹോപദ്രവമേൽപ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്.

അനന്തകൃഷ്ണൻ ആദ്യം പരാതി നൽകിയിട്ടും കേസെടുത്തപ്പോൾ പരാതി ആദ്യം നൽകിയത് ഗണേഷ് കുമാറായി.

ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അനന്തകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താനും അമ്മയും ലിവെറെടുത്ത് അടിച്ചെന്ന ഗണേഷിന്റെ പരാതി തെറ്റാണ്. സംഭവം നടക്കുമ്പോള്‍ അഞ്ചൽ സിഐ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നിന്നുവെന്നും യുവാവ് പറഞ്ഞു.

ഗണേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. സിഐ എംഎൽഎയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും യുവാവ് പറഞ്ഞു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷും ഡ്രൈവറും മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

അനുബന്ധ വാര്‍ത്തകള്‍

Next Article