മകളെ കാണാതായതിനെ തുടർന്ന് അമ്മ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിച്ചു. വ്യാഴാഴ്‌ച പുലർച്ചെ അഞ്ചരയോടെ ചെന്നൈ - മംഗളുരു സൂപ്പർഫാസ്റ്റ് ട്രെയിന്‍ തലശേരി സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടതിനു പിന്നാലെയാണ് സംഭവം.
കോഴിക്കോട് മണ്ണൂരിലെ അത്തി പറമ്പത്ത് വീട്ടിൽ ശുഭയുടെ മകൾ സന്ധ്യ ബാബുരാജിനെ (19) കാണാതായത്. പെണ്‍കുട്ടി കാമുകനായ യുവാവിനൊപ്പം പോയതാണെന്നാണ് പൊലീസ് വ്യക്തമാക്കി.
ഒരു യുവാവുമായി അടുപ്പത്തിലായ സന്ധ്യയേയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശുഭ. യാത്രയ്‌ക്കിടെ ശുചിമുറിയിലേക്ക് പോയ സന്ധ്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പരിഭ്രാന്തയായ ശുഭ അപായചങ്ങല വലിച്ച് ട്രെയിന്‍ നിർത്തുകയായിരുന്നു.
ട്രെയിന്‍ നിന്നതോടെ പരിഭ്രാന്തയായ ശുഭ നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി. ഇത് ശ്രദ്ധയിൽ പെട്ട ഗേറ്റ് കീപ്പർ ഉടൻ തന്നെ തലശേരി റെയില്‍വേ മാസ്‌റ്ററെ വിവരമറിയിച്ചു. പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥര്‍ സംഭസസ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
തലശേരി സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി യുവാവിനൊപ്പം പോകുകയായിരുന്നു. സന്ധ്യ യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, ശുഭയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.