ദുരിതാശ്വാസ ക്യാംപില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പാര്‍ട്ടി ഓഫീസ് വിട്ടുനല്‍കി സിപിഎം

Webdunia
ചൊവ്വ, 18 മെയ് 2021 (07:57 IST)
വീട്ടില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ എത്തുകയും മരണപ്പെടുകയും ചെയ്ത ആളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പാര്‍ട്ടി ഓഫീസ് വിട്ടുനല്‍കി സിപിഎം. തെക്കന്‍ പറവൂര്‍ കോഴിക്കരി കറുകശ്ശേരിയില്‍ സി.കെ.മോഹനനാണ് ഉദയംപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് തെക്കന്‍ പറവൂര്‍ പി.എം.യു.പി. സ്‌കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംപില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മരിച്ചത്. ഇയാളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല. വീട്ടില്‍ വെള്ളംകയറിയതിനാല്‍ വേറെ എവിടെയെങ്കിലുംവച്ച് സംസ്‌കാരം നടത്തേണ്ട സാഹചര്യം വന്നു. ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലാണ് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സംസ്‌കാര ചടങ്ങുകള്‍ക്കായി തുറന്നുകൊടുത്തത്. സിപിഎം തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ എം.ആര്‍.വിദ്യാധരന്‍ സ്മാരക മന്ദിരത്തിലാണ് ശവസംസ്‌കാര കര്‍മങ്ങള്‍ നടത്തിയത്.

വീട് വെള്ളക്കെട്ടിലായതിനാല്‍ മോഹനന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനും ശവസംസ്‌കാര കര്‍മങ്ങള്‍ നടത്താനും പറ്റാതെ വീട്ടുകാര്‍ വിഷമിച്ചിരിക്കുകയായിരുന്നു. ഈ വിഷമം തിരിച്ചറിഞ്ഞ സിപിഎം പ്രാദേശിക നേതൃത്വം സമയോചിതമായി ഇടപെടുകയായിരുന്നു. സമുദായാചാരപ്രകാരമുള്ള എല്ലാ കര്‍മങ്ങളും പാര്‍ട്ടി ഓഫീസില്‍വച്ച് നടത്തി. പാര്‍ട്ടി ഓഫീസിലെ ചടങ്ങുകള്‍ക്ക് ശേഷം മോഹനന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article