വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്.
പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച തുടങ്ങി. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.
വൈകിട്ട് മൂന്നരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദാംശങ്ങള്‍ അറിയിക്കും. നേരത്തെ, ടൗണ്‍ഷിപ് നിര്‍മാണത്തിനായി എസ്‌റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു.