തനിക്കെതിരെ പരാതി നല്‍കിയവര്‍ ബാര്‍ പൂട്ടിയപ്പോള്‍ നഷ്‌ടം നേരിട്ടവര്‍; നിരപരാധിത്വം നിയമത്തിന്റെ വഴിയിലൂടെ തെളിയിക്കുമെന്നും കെ ബാബു

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (09:44 IST)
ബാര്‍ പൂട്ടിയപ്പോള്‍ നഷ്‌ടം നേരിട്ടവരാണ് തനിക്കെതിരെ പരാതി നല്കിയതെന്ന് മുന്‍ എക്സൈസ് മന്ത്രി കെ ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യാനിരിക്കേയാണ് ബാബുവിന്റെ പ്രതികരണം. ഒരു ചാനല്‍ അഭിമുഖത്തിലാണ് ബാബു നിലപാട് വ്യക്തമാക്കിയത്.
 
ബാര്‍ പൂട്ടിയപ്പോള്‍ നഷ്‌ടം നേരിട്ടവരാണ് ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്കിയത്. 
മനപൂര്‍വമായ വീഴ്ച ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കെ ബാബു പറഞ്ഞു.
 
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ താന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഭരണസംബന്ധമായ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ കാലതാമസമോ ശ്രദ്ധക്കുറവോ വന്നിട്ടുണ്ടാകാം. സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്നും ബാബു വ്യക്തമാക്കി.
 
യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് ബാര്‍ പൂട്ടിയതെന്നും എന്നാല്‍ ആ മദ്യനയത്തിന്റെ ഇരയാണ് താനെന്നും മുന്‍ എക്സൈസ് മന്ത്രി പറഞ്ഞു.
Next Article