ബിജെപിയെ പുഷ്ടിപ്പെടുത്തുന്ന യുഡിഎഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോർപറേഷനിലാകെ പടരുകയാണ്: തോമസ് ഐസക്

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (15:27 IST)
തിരുവനന്തപുരത്ത് കോൺഗ്രസിന്റെ വോട്ടുകൾ വ്യാപകമായി ബിജെപിയിലേയ്ക്ക് പോകുന്നു എന്ന് കണക്കുകൾ സഹിതം ആരോപണം ഉന്നയിച്ച് ധനമന്ത്രി തോസ് ഐസക്, കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലും കോർപ്പറേഷൻ ഡിവിഷനുകളിൽ കോൺഗ്രസിന് ലഭിച്ച വോട്ടുകൾ താരതമ്യപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് രൂക്ഷ വിമർശനവുമായി തോമാസ് ഐസക് രംഗത്തെത്തിയിരിയ്ക്കുന്നത്. എംഎൽഎ ആയ കോൺഗ്രസ് നേതാവാണ് ബിജെപിയ്ക്ക് വോട്ടുമറിയ്ക്കാൻ നേതൃത്വം നൽകുന്നത് എന്നും തോമസ് ഐസക് ആരോപിയ്ക്കുന്നു. 
 

കുറിപ്പിന്റെ പൂർണരൂപം 

 
തിരുവനന്തപുരത്ത് ബിജെപിയ്ക്കു മുന്നിൽ കോൺഗ്രസിന്റെ “നേമജപം” അരങ്ങുതകർക്കുന്നു. ഓർമ്മയില്ലേ, 2016ൽ നേമത്ത് ബിജെപിയുടെ ആദ്യ എംഎൽഎ വിരിഞ്ഞപ്പോൾ യുഡിഎഫിനു കിട്ടിയത് വെറും 13,860 വോട്ടുകളായിരുന്നു. സ്വയം മെലിഞ്ഞ് ബിജെപിയെ പുഷ്ടിപ്പെടുത്തുന്ന യുഡിഎഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോർപറേഷനിലാകെ പടരുകയാണ്. എംഎൽഎ ആയ കോൺഗ്രസ് നേതാവിനാണത്രേ കച്ചവടത്തിന്റെ ചുക്കാൻ. അതാണിപ്പോൾ കോൺഗ്രസിന്റെ പൊതുരാഷ്ട്രീയമെന്നറിയാത്ത ഏതോ പാവം അണികൾ ഇന്ദിരാ ഭവന്റെ ചുവരിൽ പോസ്റ്ററൊട്ടിച്ചെന്നോ നേതാക്കൾ അത് വലിച്ചു കീറിക്കളഞ്ഞെന്നോ ഒക്കെ വാർത്ത കേൾക്കുന്നു.
 
തങ്ങളുടെ വോട്ടുകളപ്പാടെ ബിജെപിയിലേയ്ക്ക് ഒഴുകിച്ചേരുന്നതിലോ, അതിന് തങ്ങളുടെ നേതാവു തന്നെ കാർമ്മികത്വം വഹിക്കുന്നതിനോ കോൺഗ്രസ് നേതൃത്വത്തിന് ഒരു നാണക്കേടുമില്ല. ബിജെപി ജയിച്ച ചില വാർഡുകളിൽ കോൺഗ്രസിന്റെ വോട്ടുകൾ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ. നെടുങ്കാട് 74 (1169), പിടിപി നഗർ 659 (1132), പാപ്പനംകോട് 594 (866), തിരുമല 594 (1081), പുന്നയ്ക്കാമുഗൾ 815 (1435), നെട്ടയം 731 (1341), ചെല്ലമംഗലം 965 (1341), തുരുത്തുമ്മൂല 978 (1540), നാലക്കത്തിൽ നിന്ന് മൂന്നിലേയ്ക്കും മൂന്നിൽ നിന്ന് രണ്ടക്കത്തിലേയ്ക്കും ചുരുങ്ങുകയാണ് കോൺഗ്രസ്. അതായത്, കോൺഗ്രസ് ബിജെപിയായി രൂപം മാറുന്നു. 
 
ഈ പ്രതിസന്ധിയെ സംഘടനാപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാനോ അതിജീവിക്കാനോ അവർക്കു കഴിയുന്നില്ല. സംഘടനയും രാഷ്ട്രീയവും കോൺഗ്രസ് ബിജെപിയ്ക്ക് അടിയറ വെച്ച കോൺഗ്രസിനെയാണ് തിരുവനന്തപുരം കോർപറേഷനിൽ നമുക്ക് കാണാനാവുക. നടന്നത് എന്തെന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർ തന്നെ തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ഇന്ദിരാഭവനു മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. ഡിസിസി പിരിച്ചുവിടണമെന്നും സീറ്റ്‌ കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ്‌ നേതൃത്വത്തോട് കോൺഗ്രസ് പ്രവർത്തകർ തന്നെ ആവശ്യപ്പെടുന്നത്. ഈ പോസ്റ്ററുകൾ കീറിക്കളഞ്ഞതുകൊണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കുകയില്ല.
 
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം കൂടുതൽ ശക്തിപ്പെടും. 1991ലെ കോലീബി സഖ്യം തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ ആവർത്തിക്കാൻ എല്ലാ സാധ്യതയുമുണ്ട്. അഞ്ചു സീറ്റിലെങ്കിലും ബിജെപിയ്ക്ക് വോട്ടു മറിച്ചു കൊടുത്ത് മറ്റു മണ്ഡലങ്ങളിൽ തിരിച്ചു സഹായം സ്വീകരിക്കാനുള്ള കരാറിനാവും യുഡിഎഫ് നേതാക്കൾ തുനിയുക. അതുകൊണ്ടാണ് ബിജെപിയെ തുറന്നു വിമർശിക്കാതെ കോൺഗ്രസ് ഒളിച്ചു കളിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article