നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഡിസം‌ബര്‍ 2024 (14:58 IST)
ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും എന്‍ കെ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കൂടാതെ ഹൈക്കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതി പകരമാകരുതെന്നും കോടതിക്ക് നിയമങ്ങള്‍ ഉണ്ടാക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. 
 
കൂടാതെ ശൂന്യതയില്‍ നിന്നാണോ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് തടസ്സപ്പെടുമെന്നും ഹര്‍ജിയില്‍ ദേവസ്വങ്ങള്‍ പറഞ്ഞു. ഹൈക്കോടതി നിലപാടിനെതിരെ ആന ഉടമകളും രംഗത്ത് വന്നിരുന്നു.
 
ഇതിനെതിരെ ആന ഉടമസ്ഥസംഘം ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും ആന ഉടമസ്ഥസംഘം വ്യക്തമാക്കി. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുതെന്നും ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്നും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ടുവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article