സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നാളെ; ജനവിധി തേടുന്നത് 102 സ്ഥാനാര്‍ത്ഥികള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 നവം‌ബര്‍ 2022 (17:06 IST)
സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ഒഴികെ) 29 തദ്ദേശ വാര്‍ഡുകളില്‍ നവംബര്‍ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ  ഉപയോഗിക്കാം.
 
സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
 
11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 40 പേര്‍ സ്ത്രീകളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article