അനധികൃതമായി റേഷന്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും കാര്‍ഡ് പിടിച്ചെടുക്കാന്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ 'ഓപ്പറേഷന്‍ യെല്ലോ' പദ്ധതിയില്‍ ഒക്ടോബര്‍ 31 വരെ ലഭിച്ചത് 6796 പരാതികള്‍. 6914 അനധികൃത മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് മുന്‍ഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.
ഓപ്പറേഷന്‍ യെല്ലോ പദ്ധതി ഡിസംബര്‍ 31 വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി അനധികൃതമായി കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന വമ്പന്‍മാരെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താല്‍ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു.