വലിയ കളികൾക്ക് കളമൊരുക്കുകയാണ് സംസ്ഥാന കോൺഗ്രസിലെ എ ഗ്രൂപ്പ്. പ്രതിപക്ഷനേതാവിനെയും കെ പി സി സി അധ്യക്ഷനെയും മാറ്റാനുള്ള ചടുല നീക്കങ്ങൾക്കാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നു.
രമേശ് ചെന്നിത്തലയ്‌ക്കെതിരെയും മുല്ലപ്പള്ളിക്കെതിരെയും പ്രത്യക്ഷമായിത്തന്നെ പടയ്ക്കിറങ്ങാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. പ്രതിപക്ഷനേതാവായി തിരുവഞ്ചൂർ രാധാകൃഷ്ണനെ കൊണ്ടുവരണം എന്നതാണ് പ്രധാന ആവശ്യം. കെ പി സി സി പ്രസിഡണ്ടായി പി ടി തോമസിനെയും മുന്നോട്ടുവയ്ക്കാൻ എ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ബുധനാഴ്ച ആര്യാടൻ മുഹമ്മദിൻറെ വീട്ടിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിൽ യുദ്ധതന്ത്രങ്ങൾ മെനഞ്ഞതായാണ് വിവരം. വരും ദിവസങ്ങളിൽ എ ഗ്രൂപ്പ് കേന്ദ്രങ്ങളിൽ നിന്ന് വലിയ ആക്രമണങ്ങൾ പ്രതീക്ഷിക്കാം.
ഉറക്കം തൂങ്ങുന്ന പ്രസിഡണ്ടിനെ നമുക്കിനിയും ആവശ്യമുണ്ടോ എന്ന ചോദ്യമുയർത്തി ഹൈബി ഈഡൻ ഉയർത്തിയ കലാപം മുല്ലപ്പള്ളി രാമചന്ദ്രൻറെ സ്ഥാനം തെറിപ്പിക്കാനുള്ള ആദ്യചുവടായിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ മനസിലാക്കി കരുതലോടെയാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും നീങ്ങുന്നത്.
ഇപ്പോൾ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് ചെന്നിത്തല. അങ്ങനെയെങ്കിൽ താൻ മാത്രമായി രാജിവയ്ക്കില്ലെന്ന് മുല്ലപ്പള്ളിയും തീരുമാനമെടുത്തു. ചെന്നിത്തലയും മുല്ലപ്പള്ളിയും സ്ഥാനമൊഴിയാത്തതിൽ ഹൈക്കമാൻഡും അതൃപ്തിയിലാണ്. ഇരുവരെയും പുറത്താക്കുന്ന നടപടിയിലേക്ക് ഹൈക്കമാൻഡ് നീങ്ങാൻ ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങൾ വഴിയൊരുക്കുമോ എന്നാണ് രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.