ആവേശം മൂത്ത് അസഭ്യം പറയുന്നവർ സൂക്ഷിക്കുക: കുട്ടികളായാലും നടപടിയുണ്ടാകും

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (16:52 IST)
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ അസഭ്യം പറയുകയും മോശം പദപ്രയോഗങ്ങള്‍ നടത്തുന്നവർക്കെതിരെയും പോലീസിന്റെ മുന്നറിയിപ്പ്. അസഭ്യം പറയുകയും പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കും എന്നതുപോലെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്താല്‍ അവർ 18 വയസ്സിന് താഴെയുള്ളവരാണെങ്കിലും അവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം നടപടിയുണ്ടാകുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ വ്യക്തമാക്കി.
 
ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അത് പ്രകടിപ്പിക്കുകയും ചെയ്യാം. ആർക്കും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അത് അസഭ്യം പറയുന്നതിലേക്കും ഭീഷണിയിലേക്കും പോകരുത്. എം.വി.ഡി.യുടെ നടപടികളില്‍ ആരാധകര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
 
അതേസമയം ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് മർദ്ദിച്ചുവെന്ന ആരോപണം പരിശോധിക്കുമെന്നും ഇവരുടെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ വിശദമായി പരിശോധിച്ച് നിയമലംഘനം ഉള്ള വീഡിയോകൾ കണ്ടാൽ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article