സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അശ്വിന്‍ കുഞ്ഞുമോനും രേഖയും. ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിറിൽ രോഗികള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയതാണ് അശ്വിനും രേഖയും. അപ്പോഴാണ് ഒരു കോവിഡ് രോഗി ശ്വാസം കിട്ടാതെ പിടയുന്ന കാഴ്ച ഇരുവരും കാണുന്നത്. ആംബുലന്‍സ് എത്തി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും സമയം വൈകും. അശ്വിനും രേഖയും മടിച്ചുനിന്നില്ല. വേഗം പിപിഇ കിറ്റ് ധരിച്ച് ഇരുവരും ബൈക്കില്‍ കയറി. ഇരുവരുടെയും മധ്യത്തിലായി ശ്വാസം കിട്ടാതെ പിടയുന്ന രോഗിയെ ഇരുത്തി. അതിവേഗം ആശുപത്രിയിലെത്തിച്ചു.
ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ഒരു രോഗിക്ക് ഓരോ മിനിറ്റും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. ആംബുലന്‍സ് വരുന്നത് കാത്ത് നില്‍ക്കാതെ അതിവേഗ ഇടപെടലാണ് ഇരുവരും നടത്തിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന 37 കാരനായ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കോവിഡ് രോഗിയെ ബൈക്കില്‍ ഇരുത്തി കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മനുഷ്യത്വത്തിന്റെ കാഴ്ച എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
എന്നാല്‍, 'കോവിഡ് രോഗിക്ക് ആംബുലന്‍സില്ല, ദുരവസ്ഥ' എന്ന രീതിയില്‍ പ്രമുഖ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളുമുണ്ട്.