മുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെ, ലഹരി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ യുവാക്കളില്‍ ചിലര്‍ ആക്രമിക്കാനും ശ്രമിച്ചു; സംഭവം കൊല്ലത്ത്
കൊല്ലം നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി നടത്തിയ നാല് പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. ഒന്നാം തീയതി വൈകിട്ട് ഫ്‌ലാറ്റില്‍ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികള്‍ എക്‌സൈസില്‍ പരാതിപ്പെടുകയായിരുന്നു. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ എക്‌സൈസ് സംഘം ഞെട്ടി. ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് അവിടെ കണ്ടത്. ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളില്‍ ചിലര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ പതറിയ സംഘം മയക്കുമരുന്ന്, ശുചിമുറിയില്‍ നിക്ഷേപിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍, രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കള്‍ ഫ്‌ളാറ്റിന്റെ തുറന്നു കിടന്ന പിന്‍വാതില്‍ വഴി മൂന്ന് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്‌സൈസ് പിടികൂടി. മറ്റൊരാള്‍ രക്ഷപെട്ടു. പരുക്കേറ്റയാളുടെ ദേഹപരിശോധനയില്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു.