നിശ്ചയിച്ചുറപ്പിച്ച വിവാഹം വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതിനാല്‍ യുവതി വേണ്ടെന്നു വെച്ചു. വിവാഹം വേണ്ടെന്നു വെച്ച കാര്യം കൂട്ടുകാരെ അറിയിക്കുന്നതിനായി ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയും ചെയ്തു. തൃശൂര്‍ സ്വദേശി രമ്യ രാമചന്ദ്രന്റെ ധീരമായ തീരുമാനത്തിനാണ് സോഷ്യല്‍മീഡിയ അകമഴിഞ്ഞ പിന്തുണ നല്കിയത്.
ഡിസംബര്‍ മൂന്നാം തിയതിയാണ് വിവാഹം വേണ്ടെന്നു വെച്ചു കൊണ്ടുള്ള അറിയിപ്പ് രമ്യ തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടില്‍ കുറിച്ചത്.
കൂട്ടുകാരെ,
വിവാഹദിനം എന്നാണെന്ന് ചോദിക്കുന്നവര്‍ക്ക് ഒരറിയിപ്പ്. നിശ്ചയത്തിനു മുമ്പ് വരെ എന്നെ മാത്രം മതിയെന്നു പറഞ്ഞ കുടുംബം നിശ്ചയത്തിനു ശേഷം 50 പവനും അഞ്ചു ലക്ഷം രൂപയും ഡിമാന്‍ഡ് ചെയ്തു. ഞാൻ കടുത്ത സ്‌ത്രീധന വിരോധി ആയതിനാലും, വാക്കിനു വ്യവസ്ഥ ഇല്ലാത്ത ഒരാളെയും കുടുംബത്തെയും ഇത്രയും കാശ് കൊടുത്ത് വാങ്ങിക്കുന്നത് നഷ്‌ടം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും, ഈ വിവാഹം വേണ്ട എന്ന് വെക്കുകയാണ്. നന്ദി. രമ്യ.
ഇതിനകം 4500 ഓളം ആളുകള്‍ ലൈക് ചെയ്ത ഈ പോസ്റ്റ് ആയിരത്തിനു മുകളില്‍ ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നല്ല തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് നിരവധിയാളുകളാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെടുന്നത് ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിരിക്കുന്നതാണ്. 1962ലെ സ്ത്രീധന നിരോധന നിയമം മൂലം സ്ത്രീധനം ആവശ്യപ്പെടുന്നത് നിരോധിച്ചിട്ടുണ്ടെങ്കില്‍ നാട്ടുനടപ്പ് എന്ന രീതിയില്‍ സ്ത്രീധനം ഇപ്പോഴും നിലവിലുണ്ട്.