റോഡിന്റെ ഒരു വശത്ത് കമൽ, മറുവശത്ത് 'അവർ'; ഇന്നുവരെ പ്രശ്നമുണ്ടായിട്ടില്ലെന്ന് കമൽ!

Webdunia
ചൊവ്വ, 17 ജനുവരി 2017 (10:41 IST)
സംവിധായകൻ കമലിനെ 'രാജ്യദ്രോഹി' ആക്കി മുദ്ര കുത്തുന്നതിൽ മുൻപന്തിയിലായിരുന്നു സംഘപരിവാർ. ദേശീയഗാനത്തെ കുറിച്ച് കമൽ നടത്തിയ പരാമർശം ബി ജെ പി ക്കിടയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് കമലിനെ നാടുകടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയ സംഘപരിവാർ ഒരു കാര്യം മറന്നിരിക്കുകയാണ്. കമലിന്റെ കൊടുങ്ങല്ലൂരെ വീടിന് എതിര്‍വശത്തുള്ള ബിഎംഎസ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് കമലില്‍ നിന്ന് മുന്‍പ് വാങ്ങിയ സ്ഥലത്താണ്.
 
സംഭവം 17 വർഷങ്ങൾക്ക് മുമ്പാണ്. സ്ഥലം വാങ്ങുമ്പോഴേ ഓഫീസ് നിര്‍മ്മാണത്തിനാണെന്ന് പറഞ്ഞിരുന്നുവെന്നും അവരുടെ ആവശ്യത്തിന് ഒപ്പം നില്‍ക്കുകയായിരുന്നെന്നും കമൽ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. സംഘപരിവാര്‍ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന കാലത്തും ആ ഓഫീസും ആൾക്കാരും അവിടെത്തന്നെയുണ്ടെന്നും പക്ഷേ തനിക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നും പറയുന്നു കമല്‍.
 
ഇപ്പോഴും അവര്‍ അവിടെയുണ്ട്. റോഡിനിപ്പുറത്ത് ഞാനുമുണ്ട്. അവരെക്കൊണ്ട് എനിക്കിതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇതുവരെ അങ്ങനെതന്നെയാണ്. ഇനി നാളെ എങ്ങനെയാണെന്ന് എനിക്കറിയില്ല. 
കമല്‍ പറയുന്നു. എനിക്ക് സൗകര്യമായി കിട്ടിയ സ്ഥലത്ത് വീടുവെക്കുമ്പോള്‍ അവിടെ ബി ജെ പിക്കാരാണോ ലീഗുകാരാണോ ഉള്ളത് എന്നതൊന്നും എന്റെ പരിഗണന ആയിരുന്നില്ല. ജാതി, മത, രാഷ്ട്രീയഭേദമന്യെ കൊടുങ്ങല്ലൂര്‍ തനിക്കൊപ്പമുണ്ടെന്നാണ് കമലിന്റെ സാക്ഷ്യം.
Next Article