കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച വ്യക്തിയും ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ ഒരു വ്യതാസവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ കൊച്ചിയില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും ചില നിയമവശങ്ങള്‍ കൂടി പരിഗണിച്ചശേഷം അന്തിമതീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ പിരിഞ്ഞു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ യോഗം.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുളള തെളിവുകള്‍ യോഗം വിലയിരുത്തി. എഡിജിപി ബിസന്ധ്യയുടെ നേതൃത്വത്തിലുള്ള യോഗം രണ്ടു മണിക്കൂറോളം നീണ്ടു. ദിലീപിനെതിരായ കുറ്റപത്രം തയാറായിക്കഴിഞ്ഞെന്ന് ആലുവ റൂറല്‍ എസ്പിയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ എവി ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.