അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

എ കെ ജെ അയ്യർ
ഞായര്‍, 9 ഫെബ്രുവരി 2025 (14:37 IST)
ആലപ്പുഴ: മാന്നാര്‍ ബുധനൂരില്‍ അംഗനവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. ഫെബ്രുവരിയില്‍ നല്‍കുന്നതിനായി കഴിഞ്ഞ 22 ന് ബുധനൂര്‍ പഞ്ചായത്തില്‍ നിന്നും അംഗനവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.
 
 രണ്ടു ദിവസം മുമ്പ് ലഭിച്ച അമൃതം പായ്ക്കറ്റ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാര്‍ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാന്‍  എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അംഗനവാടിയില്‍ അറിയിച്ചു. തുടര്‍ന്ന് അംഗനവാടി ടീച്ചറെത്തി പരിശോധിച്ച് സൂപ്പര്‍വൈസറെ വിളിച്ച് കാണിക്കുകയും സി ഡി പി ഒ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 
 
മാന്നാര്‍ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്‌സാണ് അംഗനവാടികളില്‍ വിതരണം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് മാന്നാര്‍ പഞ്ചായത്തിലെ കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 171-ാംനമ്പര്‍ അംഗന്‍വാടി വഴി വിതരണം ചെയ്ത പായ്ക്കറ്റില്‍ ചത്ത പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടമ്പേരൂര്‍ മുട്ടേല്‍ ജംഗ്ഷന് സമീപത്തെ ഉല്‍പാദന കേന്ദ്രം പൂട്ടിയിരുന്നു. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article