സിപിഐക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല, ചാമ്പ്യന്മാർ തങ്ങളാണെന്നും സർക്കാർ മോശമാണെന്നും വരുത്തിതീർക്കുന്നു; സി പി ഐക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം
സിപിഐക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. സിപിഐ ചാമ്പ്യന്മാർ ചമയുന്നുവെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ ഏതു മുന്നണിയിൽ ആയിരിക്കുമെന്ന് പറയാൻ ആകില്ലെന്നും ആനന്ദൻ വ്യക്തമാക്കി.
തോളത്തിരുന്ന് ചെവികടിക്കുന്ന പണിയാണ് സി പി ഐ ചെയ്തത്. ചാമ്പ്യന്മാർ തങ്ങളാണെന്നും സർക്കാർ മോശമാണെന്നും വരുത്തിതീർക്കാനുള്ള ശ്രമമാണ് സി പി ഐ നടത്തുന്നത്. രാജിവെച്ച തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനു സംരക്ഷിക്കണമെന്നും ആനന്ദൻ ചോദിക്കുന്നു.
സിപിഐക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. സോളാർ കേസ് ഒത്തുതീർപ്പാക്കിയെന്ന് സി പി ഐ ആരോപിച്ചിരുന്നു. ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ എന്തുമറുപടിയാണ് സി പി ഐക്ക് നൽകാനുള്ളതെന്നും ആനത്തലവട്ടം ചോദിച്ചു. വലിയ വായിൽ സംസാരിച്ച് സർക്കാരിനെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ആനത്തലവട്ടത്തിനു മറുപടിയുമായി സി പി ഐ രംഗത്തെത്തി. മുന്നണി നിലനിർത്തേണ്ട ബാധ്യത ആനത്തലവട്ടത്തേക്കാൾ നന്നായി അറിയാമെന്ന് സി പി ഐ മറുപടി നൽകി.
മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന സിപിഐ മന്ത്രിമാരുടെ നടപടിയെ വിമർശിച്ച് ആനന്ദൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.