സിപിഎം പ്രതിനിധികള്‍ ഇനിമുതല്‍ ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കില്ല; ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സിപിഎം

ശ്രീനു എസ്
തിങ്കള്‍, 20 ജൂലൈ 2020 (21:52 IST)
സിപിഐഎം പ്രതിനിധികള്‍ ഇനിമുതല്‍ ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സിപി ഐഎമ്മിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നുവെന്നും ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് നിലപാടെന്നും സിപിഐഎം പറഞ്ഞു.
 
സിപിഐഎം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അവതാകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന്‍ നിരന്തരം ഇടപെടുകയാണെന്ന് സിപിഐഎം ആരോപിച്ചു.
 
ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെ പല മാധ്യമങ്ങളും തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ നല്‍കി സിപിഐഎം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതെല്ലാം സമൂഹ മാധ്യമങ്ങളില്‍ അപ്പപ്പോള്‍ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐഎം വിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാന്‍ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാല്‍ സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article