കോവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജില്‍ സംവിധാനമായി

ശ്രീനു എസ്
തിങ്കള്‍, 20 ജൂലൈ 2020 (19:48 IST)
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ ഒപിയിലെത്തുന്ന കോവിഡേതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ ഒ പി യില്‍ പുതിയ സംവിധാനമേര്‍പ്പെടുത്തി. മറ്റു രോഗികള്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനൊപ്പം അവരെ കോവിഡ് വ്യാപനത്തില്‍ നിന്നും സുരക്ഷിതമായി അകറ്റി നിര്‍ത്തുകയുമാണ് പുതിയ സംവിധാനത്തിന്റെ മുഖ്യ ലക്ഷ്യം. 
 
ഇതിന്റെ ഭാഗമായി ഒപിയിലെ ഓരോ ചികിത്സാ വിഭാഗത്തിലും ഇനി മുതല്‍ രാവിലെ ഒന്‍പതു മുതല്‍ 12 മണി വരെ ഒരു ദിവസം 50 രോഗികള്‍ക്കു മാത്രമായിരിക്കും നേരിട്ട് ചികിത്സ ലഭ്യമാക്കുക. അതും നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാവാത്ത രോഗികള്‍ക്കു മാത്രം. മറ്റുള്ളവര്‍ക്ക് ഇതേ സമയത്ത് അതാത് ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുമായി ഫോണില്‍ ചികിത്സ സംബന്ധിച്ച് ആശയ വിനിമയം നടത്താം. നേരിട്ടെത്തുന്നവര്‍ നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക എന്നീ രോഗ പ്രതിരോധ നിബന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. 
 
ഇത് ഓരോ രോഗിയുടെയും ഉത്തരവാദിത്തമായി തന്നെ കണക്കാക്കേണ്ടതാണ്. ഒപിയില്‍ ഒരു ദിവസമെത്തുന്ന 50 രോഗികളില്‍ തുടര്‍ ചികിത്സയ്ക്ക് ആദ്യത്തെ കണ്‍സള്‍ട്ടേഷനില്‍ തന്നെ ടോക്കണ്‍ ലഭിച്ചവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ചികിത്സ ലഭിക്കുന്നതാണ്. ഒരു ദിവസം 50 പേര്‍ കഴിഞ്ഞും രോഗികള്‍ എത്തിയാല്‍ അവര്‍ക്ക് ഒപി വിഭാഗതിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയുന്ന ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പരില്‍ ഡോക്ടറെ വിളിച്ച് രോഗവിവരം അറിയിക്കാം. ഉടന്‍ ചികിത്സ വേണ്ടതാണെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ക്കും ഡോക്ടറെ നേരില്‍ കാണാവുന്നതാണ്. ഈ സൗകര്യം 12 മണി മുതല്‍ ഒരു മണി വരെയായിരിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുന്നില്‍ക്കണ്ട് നടപ്പാക്കിയ സംവിധാനങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാവണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article