രാജ്യത്തിനു വെല്ലുവിളിയായി ഓക്‌സിജന്‍ ക്ഷാമം; പിടിച്ചുനിന്ന് കേരളം

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (11:06 IST)
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് രാജ്യത്തെ ആരോഗ്യരംഗത്തിനു വലിയ തിരിച്ചടിയാകുകയാണ്. രണ്ടാം തരംഗത്തില്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. കോവിഡ് ബാധിച്ചവരില്‍ കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നു. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ ക്ഷാമം രൂപപ്പെട്ടാല്‍ മരണസംഖ്യയില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കും. 
 
ആദ്യ തരംഗത്തേക്കാള്‍ ഓക്‌സിജന്‍ സഹായം രണ്ടാം തരംഗത്തില്‍ ആവശ്യമാണ്. രണ്ടാം തരംഗത്തില്‍ അഡ്മിറ്റായ 54.5 ശതമാനം രോഗികള്‍ക്കും മെഡിക്കല്‍ ഓക്‌സിജന്റെ സഹായം വേണ്ടിവന്നു. അതായത് ആദ്യ തരംഗത്തേക്കാള്‍ 13.4 ശതമാനം കൂടുതല്‍. രാജ്യത്തെ 40 കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണിത്. വരും ദിവസങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കും. ആവശ്യമായ തോതില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുക എന്നത് ആരോഗ്യമന്ത്രാലയത്തെ സംബന്ധിച്ചിടുത്തോളം ഗൗരവമേറിയ കടമ്പയാണ്. 
 
ശ്വാസമെടുക്കാനുള്ള തടസമാണ് രണ്ടാം കോവിഡ് തരംഗത്തിന്റെ പ്രധാന ലക്ഷണം. ശ്വാസതടസം വലിയ രീതിയില്‍ അനുഭവപ്പെടും. അതുകൊണ്ട് തന്നെ കൃത്രിമ ഓക്‌സിജന്‍ നല്‍കേണ്ട അവസ്ഥയുണ്ട്. രണ്ടാം തരംഗത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റായ 47.5 ശതമാനം കോവിഡ് രോഗികള്‍ക്കും ശ്വാസമെടുക്കാന്‍ വലിയ രീതിയില്‍ തടസം നേരിടുന്നതായാണ് പറയുന്നത്. ആദ്യ തരംഗത്തില്‍ ഇത് 41.7 ശതമാനം മാത്രമായിരുന്നു. 
 
കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടാം തരംഗത്തെ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ കൃത്രിമ ഓക്‌സിജന്‍ സജ്ജീകരണം സംസ്ഥാനത്തുണ്ട്. നിലവില്‍ ആവശ്യത്തിലധികം കൃത്രിമ ഓക്‌സിജന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ആര്‍.വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യാന്‍ കേരളത്തിനു സാധിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ കൃത്രിമ ഓക്‌സിജന്‍ നിര്‍മാണത്തിന്റെ അളവ് കൂടിയിട്ടുണ്ട്. 66 മെട്രിക് ടണ്‍ ആയിരുന്നത് ഇപ്പോള്‍ 75 മെട്രിക് ടണ്ണിലേക്ക് എത്തിയിട്ടുണ്ട്. നിലവില്‍ 501 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ആണ് കേരളത്തില്‍ സംഭരിച്ചിട്ടുള്ളത്. 74.25 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് അതില്‍ ആവശ്യമായിട്ടുള്ളത്. പാലക്കാട് ഓക്‌സിജന്‍ പ്ലാന്റില്‍ മാത്രം ആയിരം മെട്രിക് ടണ്‍ ഓക്‌സിജന്‍ സംഭരിക്കാന്‍ ശേഷിയുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. 
 
കഴിഞ്ഞ ഒരാഴ്ചയായി 72 മെട്രിക് ടണ്‍ ശരാശരിയില്‍ തമിഴ്‌നാടിന് കേരളം ഓക്‌സിജന്‍ വിതരണം ചെയ്യുന്നു. കര്‍ണാടകയ്ക്കും ലക്ഷദ്വീപിനും ഗോവയ്ക്കും കേരളം കൃത്രിമ ഓക്‌സിജന്‍ വിതരണം ചെയ്തു. 2020 മാര്‍ച്ച് മുതലേ കേരളം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളത്തില്‍ 23 പ്ലാന്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. കോവിഡ് രോഗികളാണ് കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നത്. ഏത് പ്രതിസന്ധിയെ നേരിടാനും കേരളം തയ്യാറാണെന്നും ഓക്‌സിജന്‍ സപ്ലേ നോഡല്‍ ഓഫീസറായ ആര്‍.വേണുഗോപാല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article