നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് തിരിച്ചടി. ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. തെളിവുകൾ കൈമാറാനാകില്ല. വേണമെങ്കിൽ ദിലീപിനോ, അഭിഭാഷകനോ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസന്വേഷണത്തിനിടെ പ്രതികൾ, സാക്ഷികൾ തുടങ്ങിയവരിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടെയും മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയിൽ പകർത്തിയിരുന്ന തെളിവുകളുടെ പകർപ്പുകളാണ് ദിലീപ് വിചാരണകോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ യാതൊരു കാരണവശാലും ഈ തെളിവുകൾ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങയേറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലേയും മൊബൈലിലേയും ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ലഭിച്ചാൽ, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുണ്ട്. മാത്രമല്ല, സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങൾ വെച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാനോ, സ്വാധീനിക്കാനൊ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.