തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ശശി തരൂര്‍ എംപി ഇടതുപക്ഷ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതില്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷം. പാര്‍ട്ടിയില്‍ 'മെയിന്‍' ആളാകാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നതെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. വി.ഡി.സതീശനെയും കെ.സുധാകരനെയും രമേശ് ചെന്നിത്തലയെയും വെട്ടാന്‍ തരൂര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് 'ഇടതുപക്ഷ സ്തുതി'യെന്ന വിമര്‍ശനവും ഉണ്ട്.
ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പോലും തരൂരിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ ഭയക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനൊപ്പം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കസേരയിലും തരൂര്‍ കണ്ണുവയ്ക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നത്.