ക്ലാസ് മുറിയിലെ ബോർഡിൽ കുട്ടികളുടെ ജാതി തിരിച്ചെഴുതിയ ചിത്രം പങ്കുവെച്ച് എഴുത്തുകാരി ചിത്തിര കുസുമൻ. എറണാകുളം സെന്റ് തെരേസാസ് ലോവർ പ്രൈമറി സ്കൂളലാണ് സംഭവൻ നടന്നതെന്നാണ് ചിത്തിര കുസുമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
മൂന്നാം ക്ലാസിലെ കുട്ടികളെയാണ് എസ്സി,ഒബിസി,ഒബിസി ജനറൽ,ഹിന്ദു,മുസ്ലീം,ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ച് എഴുതിവെച്ചത്. ഇത്തരത്തിൽ കുട്ടികൾ കാണുന്ന രീതിയിൽ എഴുതിവെച്ചതിന്റെ കാരണം തിരക്കിയപ്പോൾ ഡാറ്റാ ആവശ്യങ്ങൾക്കായാണ് ഇത് ചെയ്തെതെന്നായിരുന്നു സ്കൂളിന്റെ വിശദീകരണമെന്നും ചിത്തിര കുസുമൻ തന്റെ പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ സ്കൂളിനേയും അധ്യാപകരേയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
ചിത്തിര കുസുമന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
കസിന്റെ മകൾ പഠിക്കുന്ന ക്ലാസ് മുറിയിൽ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂൾ. ജാതി നമ്മളെ വേർതിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മുതിർന്നവർ, അധ്യാപകർ, അടിച്ചേൽപ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല. കാരണം തിരക്കിയപ്പോൾ എന്തോ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാണെ ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങൾ ഇപ്പോളോർത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്, Seriously? !