അഴിമതിയില്‍ മുഖ്യമന്ത്രിയുടെ തേരാളിയാണ് ചീഫ് സെക്രട്ടറിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. നിര്‍മാണകമ്പനിക്ക് തിരുവനന്തപുരത്തെ പാറ്റൂരില്‍ കെട്ടിടം പണിയുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ഭൂമി നേടിക്കൊടുക്കുന്നതിന് ചീഫ് സെക്രട്ടറി ഒത്താശചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈ ആസ്ഥാനമായ നിര്‍മ്മാണക്കമ്പനിക്ക് ചീഫ് സെക്രട്ടറി അനധികൃത സഹായം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് ആരോപിച്ചു. തിരുവനന്തപുരം പാറ്റൂരില്‍ എട്ട് കോടി വിലമതിക്കുന്ന 17 സെന്റ് ഭൂമി നിര്‍മ്മാണക്കമ്പനി കയ്യേറിയതിന്റെ രേഖകള്‍ വിഎസ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
മുഖ്യമന്ത്രിയുടെ തണലില്‍ ചീഫ് സെക്രട്ടറി മന്ത്രിമാരെ പോലും അവഗണിക്കുന്നു. തനിക്ക് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ പോലും ചീഫ്സെക്രട്ടറി തടയുന്നുവെന്നും വി എസ് ആരോപിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ആരോപിച്ച പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.