ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാൻ തയാറാണെന്നു സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐയുടെ നിലപാട് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേസ് കൈമാറുന്നത് പരിഗണിക്കാമെന്നും വ്യക്തമാക്കി. കേസിൽ ഉച്ചയ്ക്കുശേഷം വീണ്ടും വാദം തുടരും.
അന്വേഷണ ഉദ്യോഗസ്ഥരായ മുൻ ഡിജിപി സിബി മാത്യൂസ് റിട്ട. എസ്പിമാരായ കെകെ ജോഷ്വാ, എസ് വിജയൻ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ ഹര്‍ജി നല്‍കിയത്.
നമ്പി നാരായണനെ കേസിൽ കുടുക്കി കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെങ്കിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കേസില്‍ പുരന്വേഷണത്തിന് ഉത്തരവുണ്ടാകാനുള്ള സാധ്യത തെളിഞ്ഞു.
അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും നമ്പി നാരായണന് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ കേസ് അന്വേഷിച്ചവരിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. വീട് വിറ്റിട്ടായാലും അവർ നഷ്ടപരിഹാരം നൽകട്ടെയെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.