‘കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അറസ്‌റ്റാണ് ആവശ്യം’; ബിജെപി എംഎല്‍എ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം

വെള്ളി, 13 ഏപ്രില്‍ 2018 (18:37 IST)
ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുല്‍ദീപ് സിംഗ് സെന്‍‌ഗാറിനെ അറസ്‌റ്റ് ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള സിബിഐക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

എംഎൽഎയെ കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌ത് നടപടികള്‍ ആരംഭിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും സിബിഐക്ക് കോടതി ശക്തമായ ഭാഷയില്‍ നിര്‍ദേശം നല്‍കി.

വിവാദമായ കേസിന്റെ അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ കോടതി വ്യക്തമായി നിരീക്ഷിക്കും. മേയ് രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും സിബിഐ ഉദ്യോഗസ്ഥരോട് കോടതി പറഞ്ഞു. എംഎൽഎയുടെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് കോടതി വിഷയത്തില്‍ ഇടപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ വെള്ളിയാഴ്ച പുലർച്ചെ എംഎൽഎയെ ലക്നൗവിലെ വസതിയിൽ നിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കസ്‌റ്റഡിയില്‍ എടുത്തെങ്കിലും ആറസ്‌റ്റ് രേഖപ്പെടുത്താതെ സിബിഐ കുല്‍ദീപിന് അനുകൂലമായ സാഹചര്യമൊരുക്കുമ്പോഴാണ് വിഷയത്തില്‍ കോടതി ഇടപ്പെട്ടത്.

കുല്‍ദീപിന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിബിഐയ്‌ക്കും കേന്ദ്രസര്‍ക്കാരില്‍ നിന്നും  സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍