ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധാ കേസെടുത്തിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ചു 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം. മോഹിനിയാട്ടം കളിക്കാനുള്ള സൗന്ദര്യം രാമകൃഷ്ണനു ഇല്ലെന്നും രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നും സത്യഭാമ പറഞ്ഞിരുന്നു. രാമകൃഷ്ണനെ കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്ന അധിക്ഷേപ പരാമര്‍ശവും സത്യഭാമ നടത്തി. നടന്‍ കലാഭവന്‍ മണിയുടെ സഹോദരനാണ് നൃത്ത കലാകാരനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍.