കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍ഗോഡ് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ജോയല്‍.
വാഹനത്തിന്റെ മുന്നിലെ പടിയിലും പിന്‍ഭാഗത്തുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ കാരവന്‍ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലശേരിയില്‍ വിവാഹത്തിനു ആളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു. ഇടയില്‍ വിശ്രമത്തിനായി മയങ്ങിയപ്പോള്‍ എസി ഗ്യാസ് ശ്വസിച്ചു ബോധംകെട്ടതാകാം എന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു.