ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വി എസിന്റെ ആശങ്ക ശരിയാണ്: എ കെ ബാലൻ

Webdunia
ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (11:34 IST)
ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വി എസിന്റെ ആശങ്ക ശരിയാണെന്ന് മന്ത്രി എ കെ ബാലൻ. ജലലഭ്യതകൾ കൂടി പരിശോധിച്ചതിന് ശേഷം മാത്രമേ ബ്രൂവറികൾക്ക് ലൈസന്‍സ് നല്‍കൂ. ബ്രൂവറി അനുവദിച്ചതില്‍ സര്‍ക്കാര്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നയം മാറ്റണമെങ്കില്‍ ചട്ടവും മാറ്റണം. നിലവില്‍ ഞങ്ങളും യുഡിഎഫും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ഡിസ്‌ലറി അനുവദിക്കുന്നതിൽ ഇനിയും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. സംസ്ഥാനത്ത് കൂടുതല്‍ ഡിസ്റ്റിലറികള്‍ വേണം. പുറത്തുനിന്ന് അവ കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതാണെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
 
ബ്രൂവറികൾക്ക് നിലവിലുള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ കൊടുക്കാന്‍ സാധിക്കും. അതിന് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിദഗ്ദ്ധനാണ്. ഏതെങ്കിലും രൂപത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം ഇതില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article