പടവലങ്ങ പോലെ താഴോട്ട്; ബിജെപിക്ക് പാലക്കാട് ഒരു ലക്ഷം പേരുടെ അംഗത്വം കുറഞ്ഞു

രേണുക വേണു
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (11:58 IST)
കേരളത്തിലെ എ ക്ലാസ് മണ്ഡലമായി ബിജെപി കരുതുന്ന പാലക്കാട് പാര്‍ട്ടി അംഗത്വത്തില്‍ വന്‍ ഇടിവ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നില്‍ പാര്‍ട്ടി അംഗത്വത്തില്‍ ഒരു ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. തമ്മിലടിയും ഗ്രൂപ്പിസവുമാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന. 
 
ജില്ലയില്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞ തവണ 1,25,000 അംഗത്വമുണ്ടായിരുന്നിടത്ത് ഇത്തവണ ഇതുവരെയും 18,000 പേരെ മാത്രമാണ് ചേര്‍ക്കാനായിട്ടുള്ളത്. എ ക്ലാസ് മണ്ഡലമായ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മെമ്പര്‍ഷിപ്പ് ഇതുവരെ രണ്ടായിരം കടന്നട്ടില്ലെന്നാണ് വിവരം. സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഏറ്റവും മോശമായി നടക്കുന്ന ജില്ലയാണ് പാലക്കാടെന്നും ദേശീയ നേതൃത്വം വിമര്‍ശിക്കുന്നു. 
 
സെപ്റ്റംബര്‍ ഒന്നിന് തുടങ്ങിയ അംഗത്വ ക്യാംപെയ്ന്‍ 30ന് അവസാനിക്കും. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വിഭാഗീയത രൂക്ഷമാണെന്നും പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മ ജില്ലയിലെ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുന്നതായും നേരത്തെ തന്നെ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിനിടെ, വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി വോട്ടുമറിക്കാന്‍ ഔദ്യോഗിക നേതൃത്വം ധാരണയുണ്ടാക്കിയതായി ചൂണ്ടിക്കാണിച്ച് ശോഭാ സുരേന്ദ്രന്‍ പക്ഷം ദേശീയ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article